ജീവന്റെ ആദ്യ കണത്തെക്കുറിച്ച് പുതു അറിവുകള്‍
വാഷിങ്ടണ്‍:ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും പതിക്കുന്ന കലുഷിതമായ ഭൂമിയിലാണ് ജീവന്റെ ആദ്യ കണം പൊട്ടിമുളച്ചത്. ഇതെങ്ങിനെ സംഭവിച്ചു എന്നറിയാനായി നിരവധി കാലമായി ശാസ്ത്രജ്ഞര്‍ ആദ്യകാല ഭൂമിയുടെ ചെറുപതിപ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഇത്തരമൊരു ചെറുപതിപ്പില്‍ ജീവന്‍ ഉടലെടുക്കാന്‍ കാരണമായ ആദിമ ആര്‍ എന്‍ എയുടെ ഘടകങ്ങള്‍ സൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സയന്‍സ് ന്യൂസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനോസൈന്‍ എന്ന ഘടകമായിരിക്കും ആദ്യമായി സൃഷ്ടിക്കപ്പെട്ടതെന്നും അതായിരിക്കും ആര്‍.എന്‍.എയുടെ നിര്‍മ്മിതിയില്‍ കലാശിച്ചതെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ രസതന്ത്ര ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ ആര്‍ എന്‍ എയ്ക്ക് ജീന്‍ കോഡിംഗിനും പെരുകാനുമുള്ള ശേഷി കൈവന്നതെങ്ങിനെയെന്ന് കണ്ടെത്താന്‍ ശാസ്ത്രജഞര്‍ക്ക് സാധിച്ചിട്ടില്ല.


