പി.സി.എൻ.എ.കെ മയാമി കോൺഫ്രൻസിൽ പാസ്റ്റർ ബാബു ചെറിയാനും പാസ്റ്റർ പ്രിൻസ് തോമസും മുഖ്യ പ്രസംഗകർ
ഫ്ളോറിഡ: ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനു പാസ്റ്റർമാരായ ബാബു ചെറിയൻ പിറവം, പ്രിൻസ് തോമസ് റാന്നി, റവ ഡോ. ടിം ഹിൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
ഐ.പി.സി പിറവം സെന്റർ ശുശ്രൂഷകനായ പാസ്റ്റർ ബാബു ചെറിയാൻ അന്തർദേശീയ സുവിശേഷ പ്രസംഗകനും മലയാളികൾക്കിടയിലെ സുപരിചിതനും ഇക്കാലങ്ങളിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവഭൃത്യനുമാണ്. ഒട്ടേറെ പുസ്തകങ്ങളും ഗാനങ്ങളും രചിച്ചിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ നല്ലൊരു വേദ അദ്ധ്യാപകനും എഴുത്തുകാരനുമാണ്.
മറ്റൊരു പ്രസംഗകനായ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ന്യൂ ഇന്ത്യാ ദൈവസഭയിലെ ഒരു ശുശ്രൂഷകനായി പ്രവർത്തിക്കുമ്പോൾ തന്നെ വിവിധ രാജ്യങ്ങളിൽ ദൈവം ഉപയോഗിക്കുന്ന ഏറെ തിരക്കുള്ള സുവിശേഷ പ്രസഗകനാണ്.
ചർച്ച് ഓഫ് ഗോഡിന്റെ അന്തർദേശീയ ജനറൽ ഓവർസീയറായ ഡോ.ടീം ഹിൽ പ്രസംഗിക്കുന്നത് മയാമി കോൺഫ്രൻസിന്റെ മറ്റൊരു പ്രത്യേകതയാണ്. തന്നാലാവുന്ന നിലയിൽ സുവിശേഷീകരണത്തിന് പ്രാധാന്യം നൽകി ലോകമെമ്പാടും സത്യ സുവിശേഷത്തിന്റെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെയും അമേരിക്കയിലേയും മറ്റു പ്രഗത്ഭരായ ദൈവ ദാസന്മാരും വിവിധ ദിവസങ്ങളിൽ വചനം പ്രസംഗിക്കും.
സഹോദരിമാരുടെ സമ്മേളനത്തിൽ സിസ്റ്റർ ആൻസി ജോർജ് ആലപ്പാട്ട് (ബഹറൈൻ) മുഖ്യ സന്ദേശം നല്കും. സംഗീത ശുശ്രുഷയ്ക്ക് ചെന്നൈയിൽ നിന്നുമുള്ള സഹോദരി ഷാരൻ കിങ്ങ് നേതൃത്വം നല്കും. അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ക്വയറും ഇവരോടൊപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഇംഗ്ലീഷിലും മലയാളത്തിലും ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകർ വചന ശുശ്രൂഷ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മൺകൂടാരങ്ങളിൽ’ (2കൊരി 4:7)'(“The Excellence of God’s Power in Us” 2 Corinthians 4:7.) എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയം. കോൺഫ്രൻസിൽ വന്ന് സംബദ്ധിക്കുവാൻ രജിസ്റ്റർ ചെയ്ത് ഫുൾ പാക്കേജ് എടുക്കുന്നവർക്ക് കൺവൻഷൻ സെൻററിന് ഏറ്റവും അടുത്തുള്ള ഹോട്ടൽ റൂമുകൾ നൽകുന്നതായിരിക്കും. വിഭവസമൃദ്ധമായ നിലയിലുള്ള അമേരിക്കൻ ഭക്ഷണത്തോടൊപ്പം സ്വാദിഷ്ടമായ രുചികളിൽ തയ്യാറാക്കപ്പെടുന്ന ഇന്ത്യൻ വിഭവങ്ങളും ഭക്ഷണ ക്രമീകരണത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെടാറുള്ള സോക്കർ , വോളിബോൾ, ബാസ്ക്കറ്റ് ബോൾ കായിക മത്സരത്തിൽ രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ള ടീമുകൾ $ 250 ഡോളർ ഫീസ് നൽകി എത്രയും വേഗം രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സ്പോർട്സ് കോർഡിനേറ്റർ അറിയിച്ചു.
പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: www.pcnakmiami.org
വാർത്ത: കുര്യൻ സഖറിയ (നാഷണൽ മീഡിയ കോർഡിനേറ്റർ)

![]()


