LOADING

Type to search

NATIONAL NEWS

ഗോസ്പല്‍ ഫോര്‍ ഏഷ്യ കേസ് 261 കോടി രൂപ നല്‍കി ഒത്തുതീര്‍പ്പാക്കി

provision Mar 07

ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് (ജിഎഫ്എ) സംഭാവന നല്‍കിയ പണം ദുരുപയോഗം ചെയ്തുവെന്ന കേസ് 37 മില്യണ്‍ ഡോളര്‍ (261കോടി രൂപ) നല്‍കി ജിഎസ്പിയുടെ സ്ഥാപകനായ കെ പി യോഹന്നാന്‍ ഒത്തുതീര്‍പ്പാക്കി. യുഎസിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് ആയ അര്‍കന്‍സയിലെ ഡിസ്ട്രിക്ട് കോടതിയില്‍ നടന്ന കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വാദികളായ ഗര്‍ലാന്‍ഡ് മര്‍ഫിയും ഫില്ലിസ് മര്‍ഫിയും സമ്മതിച്ചു. കേസില്‍ കെ പി യോഹന്നാന്‍, അദ്ദേഹത്തിന്റെ ഭാര്യ ജിസല പുന്നൂസ്, മകന്‍ ഡാനിയേല്‍ പുന്നൂസ് എന്നിവര്‍ക്ക് പുറമെ ഡേവിഡ് കരോള്‍, പാറ്റ് എമെറിക് എന്നിവരും പ്രതികളായിരുന്നു. കോടതി ചിലവുകളും വക്കീല്‍ ഫീസും ഉള്‍പ്പടെയുള്ള തുകയ്ക്കാണ് ഒത്തുതീര്‍പ്പ്. തെറ്റുകളെന്തെങ്കിലും ചെയ്തുവെന്ന് സമ്മതിക്കാതെയാണ് ഒത്തുതീര്‍പ്പ്.
ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ജിഎഫ്എ ബോര്‍ഡില്‍ നിന്നും യോഹന്നാന്റെ ഭാര്യയെ മാറ്റുകയും പകരം മറ്റൊരാളെ മര്‍ഫിയും ജിഎഫ്എ യും ചേര്‍ന്ന് നിയമിക്കുകയും ചെയ്യും. യോഹന്നാന്റെ ബന്ധുക്കളെയാരെയും ബോര്‍ഡില്‍ നിയമിക്കുകയില്ലെന്നു സമ്മതിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ സംഘടന പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് ബോര്‍ഡിന്റെ ഒരു സബ് കമ്മിറ്റി യോഹന്നാനെ ഒഴിവാക്കി രൂപീകരിക്കാമെന്ന് ജിഎഫ്എ സമ്മതിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കല്‍ കൌണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ എക്കൗണ്ടബിലിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാമെന്നും അതില്‍ വീണ്ടും അംഗത്വത്തിന് ശ്രമിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. 37 മില്യണ്‍ ഡോളര്‍ തുക നല്‍കേണ്ടതെങ്ങനെയെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രാഥമിക അംഗീകാര ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ജിഎഫ്എയുഎസ്എ 26,000,000 ഡോളര്‍ സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു എസ്‌ക്രോ അക്കൗണ്ടിലേക്കു കൈമാറും. ശേഷിക്കുന്ന 11,000,000 ഡോളര്‍ അന്തിമ അംഗീകാര ഉത്തരവ് ലഭിച്ച് 12 മാസങ്ങള്‍ക്കുള്ളിലും മേല്‍പ്പറഞ്ഞ രീതിയില്‍ കൈമാറണം.
ജിഎഫ്എക്ക് പുതിയ ദാതാക്കളിലൂടെ പണം സമാഹരിക്കാവുന്നതാണ്. പണം തിരിച്ചു നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജിഎഫ്എയുടെ ആസ്ഥാനം ഈടായി നല്‍കുകയും ഒരു ട്രസ്റ്റ് പ്രമാണം രജിസ്റ്റര്‍ ചെയ്യുകയും വേണം. ജിഎഫ്എ ക്ക് നല്‍കുന്ന സംഭാവനകളില്‍ 13% മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതെന്നു കഴിഞ്ഞവര്‍ഷം ഒരു ക്രിസ്ത്യന്‍ പ്രസിദ്ധീകരണത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ സംഭാവനകള്‍ ലഭിക്കുന്ന സംഘടനകളായിരുന്നു യോഹന്നാന്റേത്. ബിലീവേഴ്‌സ് ചര്‍ച്ച്, അയന ചാരിറ്റബിള്‍ ട്രസ്റ്റ് (ഗോസ്പല്‍ ഫോര്‍ ഏഷ്യ). ലവ് ഇന്ത്യ മിനിസ്ട്രീസ്, ലാസ്റ്റ് അവര്‍ മിനിസ്ട്രി എന്നിവയാണ് യോഹന്നാന്റെ നിയന്ത്രണത്തിലുളള 4 സംഘടനകള്‍. 2016 ല്‍ ഇവക്കെല്ലാം കൂടി 1,886 കോടി രൂപയുടെ വിദേശ ഫണ്ട് ലഭിച്ചു. അതിലെ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് അയന ചാരിറ്റബിള്‍ ട്രസ്റ്റിനായിരുന്നു (826.27 കോടി രൂപ). എന്നാല്‍ 2017ല്‍ കേന്ദ്ര ഗവണ്മെന്റ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള യോഹന്നാന്റെ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് തടയുകയും ചെയ്തിരുന്നു. ഒത്തുതീര്‍പ്പ് സംബന്ധിച്ച് ജിഎഫ്എ പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച് ജിഎഫ്എ നിലപാട് സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ‘പ്രവര്‍ത്തനങ്ങള്‍ക്കായി ‘ ദാതാക്കള്‍ നല്‍കിയ സംഭാവനകളെല്ലാം ‘പ്രവര്‍ത്തനങ്ങള്‍ക്കായിത്തന്നെ’ വിനിയോഗിച്ചുവെന്നു ഇരു കക്ഷികളും സമ്മതിച്ചതായി അതില്‍ പറയുന്നു.
ഏഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ദാതാക്കള്‍ നല്‍കിയ 20 മില്യണ്‍ ഡോളര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി ടെക്‌സാസിലെ ആസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ ചാരിറ്റി സംഘടനയെന്ന നിലയില്‍ രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ട വിവരം ദാതാക്കളില്‍നിന്നും മറച്ചുപിടിച്ചുവെന്നും ആരോപണമുണ്ടായി. വിദേശ സഹായം സ്വീകരിക്കുന്നത് നിരോധിച്ച ശേഷം വ്യാജസംഘടനകള്‍ മുഖേനയാണ് അത് സ്വീകരിക്കുന്നത്. അതിലൂടെ ഇന്ത്യയിലെ നിയമം ലംഘിക്കുകയാണ് ജിഎഫ്എ. ബ്രിഡ്ജ് ഓഫ് ഹോപ്പ്, പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ എന്നിവ ഇന്ത്യയില്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് തെറ്റായ ഉത്തരങ്ങളാണ് ജിഎഫ്എ നല്‍കിയത്. ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയില്‍ വീണ്ടും അംഗത്വം എടുത്താല്‍ സംഘടനയുടെ നേതാക്കള്‍ പൊതുജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാകും.
ജിഎഫ്എ ബോര്‍ഡ് അതേപടി തുടരുമെങ്കിലും ഗാര്‍ലാന്‍ഡ് മര്‍ഫിയും പുറമെ നിന്നുള്ള മറ്റൊരാളുംകൂടി അതില്‍ അംഗങ്ങളാകും. അതേസമയം യോഹന്നാനും അദ്ദേഹത്തിന്റെ മകനും ഉള്‍പ്പെടാത്ത ഒരു സബ് കമ്മിറ്റി മൂന്നു വര്‍ഷക്കാലത്തേക്ക് ഫെഡറല്‍ ജഡ്ജിക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. ഇതെല്ലാം ബോര്‍ഡിനെ കൂടുതല്‍ സുതാര്യമാക്കും. സുതാര്യതയെക്കാളുപരി ബോര്‍ഡ് കൂടുതല്‍ സ്വതന്ത്രമാകും. വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ആവശ്യകത ബോര്‍ഡ് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ഇസിഎഫ്എ , എന്‍ആര്‍ബി അംഗത്വങ്ങള്‍ നഷ്ടമായതും സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഫെഡറല്‍ ഗവണ്മെന്റിന്റെ അംഗീകാരം നഷ്ടമായതും ഇപ്പോഴത്തെ കേസുമെല്ലാം കെ.പി. യോഹന്നാന്റെ നില അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡ് സിഇഒ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവി പുനരവലോകനം ചെയ്‌തേക്കും.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.