LOADING

Type to search

USA NEWS

അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ താപനില അപാരമായ നിലയില്‍; കനത്ത മഞ്ഞുവീഴ്ചയിൽ 10 മരണം

provision Feb 01
ചിക്കാഗോ: ധ്രുവങ്ങളിലെ ന്യൂനമർദ്ദമേഖലകളിൽ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റിൽ യുഎസ് വിറയ്ക്കുന്നു. അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ. താപനില അപാരമായ നിലയില്‍ താഴ്‌ന്ന ‘പോളാര്‍ വോര്‍ടെക്‌സ്’ പ്രതിഭാസത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ ശീതക്കൊടുങ്കാറ്റിലും മഞ്ഞു വീഴ്ചയിലുമായി നിരവധി പേർ ദുരിതം അനുഭവിക്കുന്നതായി വിവരങ്ങൾ പുറത്തു വരുന്നു.
ഉത്തരധ്രുവത്തിൽ കറങ്ങിത്തിരിയുന്ന പോളാർ വോർ‌ടെക്സ് എന്ന ന്യൂനമർദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്.  ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ചിക്കാഗോ അടക്കമുള്ള വടക്കൻ പ്രദേശങ്ങളിൽ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന് നാഷണൽ വെതർ സർവ്വീസ് റിപ്പോര്‍ട്ട് ചെയ്തു.

പലയിടങ്ങളിലും അഞ്ചടിയുടെ മുകളിലാണ് മഞ്ഞ് പുതഞ്ഞ് കിടക്കുന്നത്. നിരവധി പേർ വാഹനങ്ങളിലും വീടുകളിലും കുടുങ്ങി. റോഡുകളിലെ മഞ്ഞു നീക്കാനായി നൂറോളം സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ കനത്ത ശീതകാറ്റടിക്കുന്നുണ്ട്. നദികളിലെ വെള്ളച്ചാട്ടത്തെ ഐസുചാട്ടം എന്ന്‌ വിളിക്കേണ്ട സ്‌ഥിതിയായിരിക്കുന്നു. യുഎസ്സിന്റെ വടക്കുകിഴക്കൻ മേഖലകളിലാണ് തണുപ്പ് അപകടകരമാംവിധം ഉയർന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകള്‍ മുതൽ മെയ്നെ വരെയുള്ള പ്രദേശങ്ങളിൽ കടുത്ത തണുപ്പ് ബാധിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച അലബാമ, ചിക്കാഗോ തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

പുജ്യം ഡിഗ്രിക്കു താഴേക്ക് താപനില താഴ്ന്നതോടെ നഗരങ്ങളിൽ ‘ഉഷ്ണകേന്ദ്ര’ങ്ങൾ തുടങ്ങിയിട്ടുണ്ട് സർക്കാരുകൾ. നൂറുകണക്കിന് സ്കൂളുകൾ പൂട്ടിക്കിടക്കുകയാണ്. ആയിരത്തിലധികം വിമാനയാത്രകൾ ഇതിനകം റദ്ദാക്കപ്പെട്ടിട്ടുണ്ട്.

മരവിപ്പിക്കുന്ന കാറ്റ് പല സ്ഥലങ്ങളിലും വീശിക്കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഡക്കോട്ട മുതൽ പെൻസിൽവാനിയ വരെയുള്ള സംസ്ഥാനങ്ങളിൽ 50 ദശലക്ഷത്തിലധികം ആളുകളെ അതിശൈത്യം ബാധിക്കും. ഇല്ലിനോയിസ്, മിഷിഗൺ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് പോസ്റ്റൽ മെയിൽ സർവ്വീസുകൾ വിതരണം പല സ്ഥലങ്ങളിലും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സാധ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കി ജനജീവിതം സുഗമമാക്കാൻ ശ്രമം നടത്തുവാൻ സർക്കാരുകൾ ശ്രമിച്ചു വരുന്നു. യാത്ര ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പത്ത് മിനിറ്റു നേരം തണുത്ത കാലാവസ്ഥയിൽ കഴിഞ്ഞാൽ അത് ശീതവീക്കത്തിന് (frostbite) കാരണമാകും. ജീവാപായ സാധ്യതയുള്ള ഒരു സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.

വാർത്ത:- നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.