ബാംഗ്ലൂർ സ്വദേശി ജോൺ പ്രീതം പോൾ ദുബായിയിൽ മുങ്ങി മരിച്ചു.
ദുബായ്: യു. എ. ഇ. തമിഴ് റേഡിയോ സ്റ്റേഷൻ Radio Gilli 106.5 FM സെയിൽസ് മാർക്കറ്റിംഗ് തലവൻ ജോൺ പ്രീതം പോൾ (40) മുങ്ങി മരിച്ചു. ജൂൺ 15 ശനിയാഴ്ച രാവിലെ തന്റെ 3 കുട്ടികളും, സഹോദരിയും, അവരുടെ ഭർത്താവുമൊത്ത് ജുമൈറ ബീച്ചിൽ സന്ദർശനത്തിനു പോയിരിക്കവെ അവിടെ വെച്ചാണു അത്യാഹിതം സംഭവിച്ചത്. പോലീസ് അധികാരികളുടെ വിവരം അനുസരിച്ച് കുടുംബവുമായി ബീച്ചിലെത്തിയ ജോൺ, മടങ്ങി ഭവനത്തിലേക്ക് പോകുന്നതിനു മുൻപ് തന്റെ ശരീരത്തു പറ്റിയ മണൽ കഴുകികളയുന്നതിനായി വെള്ളത്തിൽ മുങ്ങി കുളിക്കുന്ന വഴി ഹൃദയാഘാതം ഉണ്ടാവുകയും, മരണം സംഭവിക്കുകയും ആയിരുന്നു. ദേഹം കഴുകാൻ പോയ തന്റെ ശരീരം അല്പസമയത്തിനുശേഷം വെള്ളത്തിൽ പൊങ്ങി കിടക്കുന്നതു കണ്ട ഭവനാംഗങ്ങളും, മറ്റുള്ളവരും ശരീരം കരയ്ക്ക് അടുപ്പിക്കുകയും, ഉടൻ തന്നെ സൗദി ജർമൻ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോണിന്റെ സഹോദരിയും, ഭർത്താവും വെള്ളിയാഴ്ചയാണു ഇവരെ സന്ദർശിക്കുന്നതിനു ദുബായിയിലെത്തിയത്. സംഭവം നടക്കുമ്പോൾ ജോണിന്റെ ഭാര്യ ഭവനത്തിൽ മാതാവിനെ പരിചരിക്കേണ്ടതിനാൽ ഇവരോടൊപ്പം പോയിരുന്നില്ല. ബാംഗ്ളൂർ സ്വദേശിയായ ജോൺ കഴിഞ്ഞ 14 വർഷമായി ദുബായിയിൽ താമസമാക്കിയിരിക്കുകയായിരുന്നു. ഇദ്ദേഹത്തിനു നീന്തൽ നല്ല വശമുണ്ടായിരുന്നുവെന്നു സഹധർമ്മിണി ഇവലീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭൗതീകശരീരം സ്വന്ത ദേശമായ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളിൽ ആണു കുടുംബം.
വാർത്ത കടപ്പാട്: ഖലീജ് ടൈംസ്/സാം മാത്യു ഡാളസ്


