ഇന്തോനേഷ്യയില്‍ അപ്രതീക്ഷിത സുനാമി; 222 പേര് കൊല്ലപ്പെട്ടു; 843 പേര്‍ക്ക് പരിക്ക്
ജാവ: ഇന്തോനേഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ 222 പേര് കൊല്ലപ്പെട്ടു.
തീരദേശപട്ടണമായ സുന്‍ഡ സ്ട്രേയ്റ്റിലാണ് കടല്‍ക്കലി നാശം വിതച്ചത്. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായാണ് രാക്ഷസ തിരമാലകള്‍ തീരദേശത്തെ വിഴുങ്ങിയത്. ഒരുതരത്തിലുമുള്ള മുന്നറിയിപ്പുകളും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ന്നുവീണു.
843 പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. നാശ നഷ്ടങ്ങള്‍ പൂര്ണായിവിലയിരുത്തിയിട്ടില്ല. കൂടുതല്‍ മരണങ്ങള് ഉണ്ടായേക്കാമെന്നാണ് ആശങ്ക. കടലിന്റെ അടിത്തട്ടില്‍ ഉണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലാണ് സുനാമിക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ജാവ-സുമാത്ര ദ്വീപുകളുടെ ഇടയിലുള്ള നഗരമാണ് സുന്‍ഡ സ്ട്രേയ്റ്റ്.
ജാവയെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന മേഖലയുമാണിത്. തുടര്‍ സുനാമികള്‍ ഉണ്ടായേക്കാമെന്ന ആശങ്കയില്‍ ദേശീയ ദുരന്തനിവാരണ സമിതി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 21: 30 നാണ് സുനാമി ആക്രമണം ഉണ്ടായത്. പ്രദേശിക അവധി ദിനംകൂടിയായിരുന്നു ശനിയാഴ്ച. ആയതിനാല്‍ ദുരന്ത വ്യാപ്തി വര്‍ധിച്ചു. പടിഞ്ഞാറന്‍ ജാവയിലെ ടാന്‍ജങ് ലേസങ് അടക്കം നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സുനാമി വിഴുങ്ങി. ജാവ യിലെ പ്രമുഖ ടൂറിസ്റ്റ് ജില്ലയായ പാന്‍ ഡെഗിലേങ്ങില് നൂറോളം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. സെറാംഗ് ജില്ലയിലും, സുമാത്രയിലെ ദക്ഷിണ ലാംപങ്, ടഗ്ഗാമസ് എന്നിവിടങ്ങളിലും സുനാമി കനത്ത നാശം വിതച്ചു.





