LOADING

Type to search

WORLD NEWS

അമേരിക്കന്‍ പൗരന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ റെയ്ഡ്; 126 പേരെ അറസ്റ്റു ചെയ്തു

provision Dec 22

ന്യൂഡല്‍ഹി: അമേരിക്കന്‍ പൗരന്മാരെ ഭീഷണിപ്പെടുത്തി പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ സമ്പാദിച്ചിരുന്ന നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി 126 പേരെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തു. സോഷ്യല്‍ സെക്യൂരിറ്റി നമ്പറില്‍ പ്രശ്‌നമുണ്ട്, അല്ലെങ്കില്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടുപിടിച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് കോള്‍ സെന്ററിലുള്ളവര്‍ അമേരിക്കന്‍ പൗരന്മാരെ ബന്ധപ്പെട്ടിരുന്നതെന്ന് നോയിഡയിലെ പോലീസ് ഉദ്യോഗസ്ഥനായ അജയ് പാല്‍ ശര്‍മ പറഞ്ഞു.
‘നിങ്ങള്‍ക്കെതിരേയുള്ള വാറന്റ് എന്റെ മേശപ്പുറത്തുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നു മാത്രമല്ല ജയില്‍ശിക്ഷ നേരിടേണ്ടി വരികയും ചെയ്യും’ – കോള്‍ സെന്ററില്‍ നിന്ന് അമേരിക്കയിലേക്ക് പോയ ഒരു കോള്‍ ഇപ്രകാരമായിരുന്ന. അമേരിക്കയില്‍ ഇന്‍ലാന്‍ഡ് റവന്യൂ സര്‍വീസുമായി (ഐ.ആര്‍.എസ്) കോടതിയില്‍ നിയമയുദ്ധം നടത്തിയാല്‍ 75,000 ഡോളര്‍ വരെ പിഴയടക്കേണ്ടി വന്നേക്കുമെന്നും, കോടതിക്കു പുറത്ത് കാര്യങ്ങല്‍ പറഞ്ഞു തീര്‍ക്കുന്നതിനുള്ള അവസരമുണ്ടെന്നും ഈ കോളില്‍ തുടര്‍ന്നു പറയുന്നു. പലരും ഇത്തരം കോളുകളോട് പ്രതികരിച്ച് കെണിയില്‍ വീഴുകയായിരുന്നുവെന്ന് ശര്‍മ പറഞ്ഞു. കോള്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. മുന്നൂറോളം കമ്പ്യൂട്ടറുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ അധികൃതര്‍, യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
ഐ.ആര്‍.സ് ഉദ്യോഗസ്ഥരെന്നു നടിച്ച് അമേരിക്കന്‍ പൗരന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ കോള്‍ സെന്ററുകളില്‍ ജോലി ചെയ്തിരുന്ന 770 പേരെ 2016 ഒക്‌ടോബറില്‍ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതേപ്പറ്റി അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ 61 പേര്‍ക്കെതിരേ ചാര്‍ജ് ചുമത്തിയിരുന്നു. പതിനയ്യായിരത്തോളം അമേരിക്കന്‍ പൗരന്മാരെ ഇവര്‍ കബളിപ്പിച്ചുവെന്ന് കണ്ടെത്തി. ഈ സംഘത്തിന്റെ സൂത്രധാരനായ 24 വയസുകാരന്‍ സാഗര്‍ താക്കറിനെ 2017 ഏപ്രിലില്‍ അറസ്റ്റു ചെയ്തു. തട്ടിപ്പ് മൂര്‍ധന്യാവസ്ഥയിലായിരുന്ന കാലത്ത് പ്രതിദിനം താക്കര്‍ ഒന്നര ലക്ഷത്തിലധികം ഡോളര്‍ സമ്പാദിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.
വിദ്യാസമ്പന്നരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ജീവനക്കാരെ കുറഞ്ഞ ചെലവില്‍ ധാരാളമായി കിട്ടുന്ന സാഹചചര്യമാണ് ഇന്ത്യയില്‍ കോള്‍ സെന്ററുകള്‍ തുടങ്ങാന്‍ രണ്ടായിരമാണ്ടിന്റെ തുടക്കം മുതല്‍ വിദേശ കമ്പനികള്‍ മത്സരിച്ചത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഇത്തരം കോള്‍ സെന്ററുകള്‍ വ്യാപകമായതോടെ ആഗോള തലത്തില്‍ തന്നെ കോള്‍ സെന്ററുകളുടെ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇതിനിടെയാണ് കോള്‍ സെന്ററുകളിലൂടെ തട്ടിപ്പുമായി ചിലര്‍ രംഗത്തു വന്നത്.

1 Comments

  1. SAMUEL GEORGE December 22, 2018

    its not ”inland” revenue service but its ” INTERNAL REVENUE SERVICE

    Reply

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.