ശീതക്കാറ്റില്‍ അമേരിക്ക തണുത്തു വിറയ്ക്കുന്നു; കുറഞ്ഞത് ഏഴ് മരണം, നഗരങ്ങള്‍ നിശ്ചലാവസ്ഥയില്‍
ഷിക്കാഗോ: അതീവ അപകടകാരിയായ ശീതക്കാറ്റ് അമേരിക്കയുടെ മിഡ് വെസ്റ്റ് മേഖലയില്‍ മരം കോച്ചുന്ന തണുപ്പ് സമ്മാനിക്കുകയാണ്. ആര്‍ട്ടിക് മേഖലയയില്‍ നിന്നുള്ള അതിശൈത്യ കാറ്റ് അഥവാ പോളാര്‍ വെര്‍ട്ടെക്സ് ഉയര്‍ത്തിയ പ്രതികൂല കാലാവസ്ഥയില്‍ ഇതിനോടകം ഏഴു പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഷിക്കാഗോയില്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസും, നോര്‍ത്ത് ഡെക്കോട്ടയില്‍ മൈനസ് 37 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. അന്റാര്‍ട്ടിക്കയുടെ പല ഭാഗത്തും അനുഭവപ്പെടുന്ന തണുപ്പിനേക്കാള്‍ കഠിനമാണിത്.
250 മില്യണിലധികം അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. 90 മില്യണ്‍ ആളുകള്‍ മൈനസ് 17 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കുറവോ അനുഭവപ്പെടുന്ന മേഖലയിലാണ്. പത്തു സംസ്ഥാനങ്ങളിലെ പല ഭാഗത്തും യു.എസ് പോസ്റ്റല്‍ സര്‍വീസിന്റെ മെയില്‍ വിതരണം പ്രതികൂല കാലാവസ്ഥയില്‍ നിറുത്തി വച്ചു. ഈ മേഖലയിലെ സ്കൂളുകളും, കോളജുകളും, യൂണിവേഴ്സിറ്റികളുമെല്ലാം അടച്ചിട്ടു.
തണുപ്പു കാലാവസ്ഥാ അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരമായ ഷിക്കഗോയ്ക്ക് പരിചിതമാണെങ്കിലും ഇപ്പോള്‍ ഉണ്ടായിട്ടുള്ള ശീതക്കാറ്റ് ഈ തലമുറയുടെ കാലത്ത് നഗരം നേരിടുന്ന ഏറ്റവും രൂക്ഷമായ ശൈത്യത്തിനാണ് വഴി തുറന്നിട്ടുള്ളത്. നഗരത്തിലെ രണ്ടു പ്രധാന വിമാനത്താവളങ്ങളില്‍ നിന്നു മാത്രമായി 1500 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആം ട്രാക് റെയില്‍ സര്‍വീസുകള്‍ നിറുത്തി വച്ചിരിക്കുകയാണ്. തണുത്തറഞ്ഞു കിടക്കുന്ന മിഷിഗണ്‍ തടാകത്തെ ഉരുമ്മി കടന്നു വരുന്ന ശീതക്കാറ്റ് മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെയായി അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പുള്ളത്. പുറത്തു പോകുന്നത് കഴിയുന്നതും ഒഴിവാക്കാന്‍ മേയര്‍ റാം ഇമ്മാനുവേല്‍ നഗരവാസികളോട് നിര്‍ദേശിച്ചു.
വീടിനു പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കാനും, സംസാരം കഴിയുന്നതും പരിമിതപ്പെടുത്താനും ജനങ്ങള്‍ക്ക് അയോവയയില് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത് അതിശൈത്യമുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ രൂക്ഷത വിളിച്ചോതുന്നു. വിസ്കോന്‍സിന്‍, മിഷിഗണ്‍, ഇല്ലിനോയിസ്, അലബാമ, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ എമര്‍ജന്‍സി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിശൈത്യ മേഖലയില്‍ മതിയായ രക്ഷാകവചമില്ലാതെ ശരീരഭാഗം 10 മിനിറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ പ്രസ്തുത ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് അതിശൈത്യം ഏറ്റവും തീവ്രമായി അനുഭവപ്പെടുക. വിന്സികോന്സിനില് രണ്ടടി മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷിക്കാഗോയില്‍ വില കൂടിയ ജാക്കറ്റുകള്‍ തോക്കു ചൂണ്ടി മോഷ്ടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി പോലീസ് പറഞ്ഞു.


