റെയ്ഡിനിടെ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചു; ശ്രീലങ്കയില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുടെ അനുരണനങ്ങള്‍ തുടരുകയാണ്. ചാവേര്‍ ആക്രമണത്തിലെ മുഖ്യപ്രതി സഹ്രന്‍ ഹാഷിമിന്റെ ജന്മപട്ടണമായ സെയിന്തമരുതുവില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് ആറു കുട്ടികള്‍ അടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഈ വീട്ടില്‍ സ്‌ഫോടകവസ്തുക്കളും, ജനറേറ്ററും. ഡ്രോണും, ബാറ്ററുകളും കണ്ടെത്തി. സമീപത്തുള്ള മറ്റൊരു പട്ടണത്തിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കളും, ഡ്രോണും പിടിച്ചെടുത്തു.
ഈ മേഖലയില്‍ നിന്ന് അറുനൂറോളം മുസ്ലിംകള്‍ പലായനം ചെയ്ത് ഒരു സ്‌കൂളില്‍ അഭയം തേടിയിരിക്കുകയാണ്. റെയ്ഡ് നടത്തിയ വീട്ടില്‍ നിന്ന് പരിക്കുകളോടെ ഒരു സ്ത്രീയെയും, കുട്ടിയെയും പോലീസ് രക്ഷപ്പെടുത്തി. ഹാഷിമിന്റെ ഭാര്യയും മകനുമാണ് ഇതെന്ന് സംശയിക്കപ്പെടുന്നു. സ്‌ഫോടനത്തിന്റെ കേന്ദ്രബിന്ദു ഹാഷിമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഈ മേഖലയിലെ മുസ്ലിംകള്‍ ആശങ്കയിലായത്. തിരിച്ചടി ഭയന്നാണ് അവര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തത്.
സെയിന്തമരുതു ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കൊളംബോയില്‍ നിന്ന് 360 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ കഴിഞ്ഞിരുന്നതെന്ന് തദ്ദേശവാസികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല


