പ്രതിമ സ്ഥാപിച്ച് പൂജ നടത്തുന്നത് ട്രംപ് സ്വപ്നത്തില്‍ വന്നതുകൊണ്ടെന്ന് തെലങ്കാനയിലെ യുവാവ്
ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിമയുണ്ടാക്കി പൂജ നടത്തുന്ന യുവാവിന്റെ ചിത്രം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വന്‍ ട്രോളുകള്‍ക്കാണ് ചിത്രം വഴിവെച്ചത്. തെലങ്കാനയിലെ ബുസ കൃഷ്ണയെന്ന യുവാവാണ് തന്റെ വീട്ടുമുറ്റത്ത് ട്രംപിന്റെ ആറടി പൊക്കമുള്ള വിഗ്രഹമുണ്ടാക്കി പൂജ നടത്തുന്നത്.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ കൃഷ്ണ. വീട്ടുമുറ്റത്ത് നിര്‍മിച്ച ട്രംപ് പ്രതിമയില്‍ ദിവസവും അഭിഷേകവും ദീപരാധനയും പൂജയുമൊക്കെ നടത്താറുണ്ട്. ട്രംപിന് വേണ്ടി വെള്ളിയാഴ്ച വ്രതവും ബസ കൃഷ്ണ എടുക്കാറുണ്ട്. ബുസയുടെ വസ്ത്രങ്ങളിലും ബാഗുകളിലുമൊക്കെ ട്രംപിന്റെ പേരാണുള്ളത്.
നാല് വര്‍ഷം മുമ്പ് തന്റെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടുവെന്നാണ് ബുസ കൃഷ്ണ പറയുന്നത്. ഇതോടെ ട്രംപിന്റെ ആരാധകനായി മാറി. ഒന്നര മാസത്തിനുള്ളില്‍ ട്രംപിന്റെ പ്രതിമയുമുണ്ടാക്കി പൂജയും ആരംഭിച്ചു.
എന്നാല്‍ ബുസയുടെ ട്രംപ് ഭക്തി നാണക്കേടുണ്ടാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ ബുസ വീട്ടില്‍ തനിച്ചായി താമസം.


