ടെക്സാസില്‍ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ്; ഇന്ത്യന്‍ വംശജനായ ഡോക്ടറും, ഹോസ്പിറ്റല്‍ ഉടമസ്ഥനും കുറ്റക്കാരെന്ന് കോടതി
ഹൂസ്റ്റണ്‍: ഹെല്‍ത്ത് കെയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറായ ഹര്‍ചരണ്‍ നരാംഗ്, റെഡ് ഓക് ഹോസ്പിറ്റല്‍ ഉടമസ്ഥനായ ദയാകര്‍ മൊപാര്ട്ടി എന്നിവരെ ഫെഡറല്‍ ജൂറി കുറ്റക്കാരായി കണ്ടെത്തിയതായി സതേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്സാസിന്റെ യു.എസ് അറ്റോര്‍ണി റയന്‍ കെ പാട്രിക് അറിയിച്ചു. ഹെല്‍ത്ത് കെയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 17 കൗണ്ടുകളിലും, കള്ളപ്പണ ഇടപാട് നടത്തിയതിന് മൂന്നു കൗണ്ടുകളിലുമാണ് ഇവര്‍ കുറ്റക്കരാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
നോര്‍ത്ത് സൈപ്രസ് ക്ലിനിക്കല്‍ അസോസിയേറ്റ്സിന്റെ ഉടമസ്ഥന് കൂടിയായ ഡോ.നരാംഗ് അവിടെ പ്രാക്ടീസ് ചെയ്തിരുന്നു. മൊപാര്ട്ടിയുമായി ചേര്‍ന്ന് ഡോ.നരാംഗ് പരിശോധനയ്കകു വന്നവരില്‍ ആവശ്യമില്ലാത്ത മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തിയും, വ്യാജമായി ഇതു സംബന്ധിച്ച രേഖകള്‍ സൃഷ്ടിച്ചും റെഡ് ഓക് ഹോസ്പിറ്റലിന്റെ പേരില്‍ ഉയര്‍ന്ന റീഇംബേഴ്സമെന്റ് നിരക്കില്‍ ബില്ലുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പാട്രിക് പറഞ്ഞു.
വ്യജമായി ഹോം ഹെല്‍ത്ത് പേഷ്യന്റ് അസസ്മെന്റ് ഫോം രേഖകള്‍ ചമച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. രേഖകളില്‍ തങ്ങളുടെ പേഷ്യന്റ്സ് കടുത്ത രോഗബാധിതരാണെന്നു കാണിച്ച് ഉയര്‍ന്ന റീംഇംബേഴ്സ്മെന്റ് ഇവര്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് തട്ടിച്ചെടുക്കുകയായിരുന്നു. റെഡ് ഓക് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ തന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വ്യജ ബില്ലുകള്‍ ഉണ്ടാക്കാന്‍ മൊപാര്ട്ടി നിര്‍ദേശം നല്‍കിയരുന്നുവെന്നും പാട്രിക് പറഞ്ഞു. ഡോ. നരാംഗ് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് വിചാരണയില്‍ രോഗികള്‍ മൊഴി നല്കി.
ഹെല്‍ത്ത് കെയര്‍ ബെനിഫിറ്റ് പ്രോഗ്രാം വഴി റെഡ് ഓക് ഹോസ്പിറ്റലിന് ഇത്തരത്തില്‍ 3.2 മില്യണോളം ഡോളര്‍ ലഭിച്ചിരുന്നു. ഡോ.നരാംഗിന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വഴി മൂന്നു മില്യണോളം ഡോളര്‍ മൊപാര്ട്ട് കൈമാറിയെന്നും കണ്ടെത്തി. ഹെല്‍ത്ത് കെയര്‍ തട്ടിപ്പിന്റെ ഓരോ കൗണ്ടിനും 10 വര്‍ഷം വരെയും, കള്ളപ്പണ ഇടപാടിലെ ഓരോ കൗണ്ടിനും 20 വര്‍ഷം വരെയും ഇരുവര്‍ക്കും ജയില്‍ശിക്ഷ ലഭിച്ചേക്കാമെന്ന് നിയമ വൃത്തങ്ങള്‍ പറഞ്ഞു. ജൂണ്‍ 20 ന് ഇവരുടെ ശിക്ഷാ കാലാവധി പ്രഖ്യാപിക്കും


