LOADING

Type to search

NATIONAL NEWS Obituaries

ആറ് മക്കളെ ജീവിത പങ്കാളിക്ക് ഏല്‍പ്പിച്ച് പുഷ്പ യാത്രയായി

provision Mar 29

ഒമ്പതുമക്കളുടെ മാതാവ് പുഷ്പ മരിയക്ക് ഹൃദയനൊമ്പരത്തോടെ വിട. ഏഴാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകളിലൂടെ ശയ്യാവലംബിയാകയും അന്നു ജനിച്ച ഇരട്ടക്കുട്ടികള്‍ രണ്ടു പേരും പ്രസവത്തോടെ തന്നെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരുന്നു. ഒരു കുട്ടി നേരത്തെ ദൈവ സന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നു. ഇന്നിതാ ആറു മക്കളെയും ഭര്‍ത്താവിനെയും ഭൂമിയിലാക്കി പുഷ്പയും കര്‍തൃ സന്നിധിയിലണഞ്ഞിരിക്കുന്നു. നാളെ (30) കുറവിലങ്ങാട് ദൈവാലയത്തില്‍ സംസ്‌കാരം.

കേരളത്തിലെ പ്രശസ്തമായ പുരാതന ഇടവകയിലെ പ്രധാനപാട്ടുകാരിയായ പുഷ്പ മരിയ കുടുംബജീവിതത്തിലേക്കു കടന്നുവന്നപ്പോള്‍ ആഗ്രഹിച്ചത് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബമായിരുന്നു. ബന്ധുക്കള്‍ കുറവായതിന്റെ വിഷമതകള്‍ അനുഭവിച്ചതിനാല്‍ തന്റെ മക്കള്‍ക്കു സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹവായ്പ് ആവോളം ലഭിക്കണമെന്ന സദുദ്ദേശമായിരുന്നു. ദൈവകല്‍പ്പന പാലിക്കാന്‍ അവളെ ഏറ്റവും പ്രേരിപ്പിച്ചത്. ഭാര്യയുടെ ത്യാഗത്തെയും തീരുമാനത്തെയും ഭര്‍ത്താവും സന്തോഷത്തോടെ സ്വീകരിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നപ്പോള്‍ അവര്‍ രണ്ടുപേരും അദ്ധ്വാനിച്ച് ആ കുടുംബം പുലര്‍ത്തി.

വിവാഹത്തിന്റെ പത്താം വര്‍ഷമായപ്പോഴേക്കും അവള്‍ ആറ് കുഞ്ഞുങ്ങളുടെ അമ്മയായി. ഒരു കുഞ്ഞിന് ജനിച്ചയുടനെ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ പ്രശസ്തമായ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നവര്‍ ആഗ്രഹിച്ചു. ‘നിങ്ങള്‍ക്ക് വേറെ രോഗമില്ലാത്ത നല്ല കുഞ്ഞുങ്ങള്‍ ഉണ്ടല്ലോ. അതുകൊണ്ട് ഇത്ര പണം മുടക്കി ഇത്ര റിസ്‌ക് ഉള്ള ഓപ്പറേഷന്‍ ചെയ്യിക്കേണ്ട ആവശ്യമുണ്ടോ? വിജയസാധ്യതയും തീരെ കുറവാണ്’ എന്നൊക്കെ പലരും പറഞ്ഞപ്പോള്‍ അവരുടെ ഹൃദയംനുറുങ്ങി.

എങ്കിലും വളരെ സന്തോഷത്തോടെ മറ്റു മക്കള്‍ ആ കുഞ്ഞിനെ നോക്കുമായിരുന്നു. കൂടെക്കൂടെയുള്ള ആശുപത്രി കിടപ്പ് ആ കുഞ്ഞിന് സാധാരണമായിരുന്നു. അങ്ങനെ വരുമ്പോള്‍ മറ്റു മക്കള്‍ ഒത്തിരിയേറെ അഡ്‌ജെസ്റ്റ് ചെയ്യേണ്ടിവന്നിരുന്നു. ഇളയകുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ അവരെയും ഈ കുട്ടിയും ഒന്നിച്ച് പരിപാലിക്കുക ബുദ്ധിമുട്ടാണെങ്കിലും ഒരു പരിഭവവും പരാതിയും കൂടാതെ അവര്‍ സഹനങ്ങളെ സ്വീകരിച്ചു. പലപ്പോഴും മൂന്നും നാലും മക്കളെ ഒന്നിച്ച് ഹോസ്പിറ്റലില്‍ കിടത്തിചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ മഞ്ഞപ്പിത്തവും ടൈഫോയ്ഡും പലമക്കള്‍ക്കും ഒരുമിച്ച് പിടിപെട്ട് മെഡിക്കല്‍ കോളജിലും കിടത്തി ചികിത്സിക്കേണ്ടി വന്നു.

അപ്പോഴൊക്കെയുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരില്‍ കൂടി കര്‍ത്താവ് നിറവേറ്റി കൊടുത്തു. ഹൃദ്രോഗിയായ ആ കുഞ്ഞ് അഞ്ചാം വയസ്സില്‍ മരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മൂത്തമക്കളെല്ലാം വളരെയധികം സന്തോഷത്തിലായിരുന്നു. പരിശോധന കഴിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചു. കാരണം ഇരട്ടഗര്‍ഭം. എല്ലാവരും പ്രാര്‍ത്ഥനയോടെ ഗര്‍ഭാവസ്ഥയില്‍ അമ്മയെ കരുതലോടെ ശുശ്രൂഷിച്ചു.

സി.ബി.സി.ഐ. ബിഷപ്പുമാരുടെ യോഗം കേരളത്തില്‍ നടന്നപ്പോള്‍ പുരാതനമായ അവളുടെ ഇടവകദേവാലയം അവര്‍ സന്ദര്‍ശിച്ചവേളയില്‍ ദിവ്യബലിക്ക് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കാന്‍ ഇരട്ടമക്കളെ ഗര്‍ഭിണിയായിരിക്കെ തന്നെ അവള്‍ക്ക് സാധിച്ചു. ശാലോം ടി.വിയിലെ കൃപയുടെ വഴികള്‍ എന്ന പ്രോഗ്രാമിന്റെ ഷൂട്ടിംഗ് സമയത്തും അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. അനേകര്‍ ചാനലിലൂടെ അവരുടെ സന്തോഷത്തിന്റെ നിമിഷങ്ങളും ഇരട്ട ഗര്‍ഭധാരണത്തിന്റെ ആയാസങ്ങളും കണ്ടറിഞ്ഞു. ഒമ്പതാംമാസമായപ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായി.

ശ്വാസംമുട്ടല്‍ അവള്‍ക്ക് അനുഭവപ്പെട്ടെങ്കിലും സാധാരണ ഗര്‍ഭാവസ്ഥയെക്കാള്‍ കിതപ്പും ബുദ്ധിമുട്ടും ഇരട്ടകള്‍ ആകുമ്പോള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നതിനാല്‍ അവള്‍ക്കനുഭവപ്പെട്ട ശ്വാസം മുട്ടല്‍ ഗര്‍ഭാവസ്ഥയുടെ ഭാഗമായേ കണ്ടിരുന്നുള്ളു. ഗൈനക്കോളജിസ്റ്റ് പരിശോധനക്കെത്തിയപ്പോഴാണ് ഗുരുതരമായ ശ്വാസംമുട്ടല്‍ അവള്‍ക്ക് ഉണ്ടെന്ന് മനസ്സിലായത്. ഇനിയും ഗര്‍ഭാവസ്ഥ നീട്ടി കൊണ്ടുപോയാല്‍ ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് കണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുക്കാന്‍ പെട്ടെന്ന് തീരുമാനിക്കപ്പെട്ടു. മുമ്പ് ഏഴും സാധാരണ പ്രസവമായതിനാല്‍ പെട്ടെന്നൊരു സിസേറിയന്‍ എന്നത് അവര്‍ക്ക് ആദ്യം ഉള്‍ക്കൊള്ളാനായില്ല.

സിസേറിയന്‍ നടത്തുന്നതിനിടെ അമ്മയ്ക്ക് ഹൃദയസ്തംഭനം നേരിടുകയും അമ്മയെ വെന്റിലേറ്ററില്‍ ആക്കേണ്ട അതീവ ഗുരുതരസ്ഥിതിവിശേഷം നേരിടേണ്ടിവരികയും ചെയ്തു. കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനാല്‍ അവരെയും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. അവിടെ എന്‍.ഐ.സി.യുവില്‍ സൗകര്യം കുറവായതിനാല്‍ പെട്ടെന്ന് ടൗണിലുള്ള ഹോസ്പിറ്റലിലേക്ക് ആദ്യത്തെ കുഞ്ഞുമായി ബന്ധുക്കള്‍ പോയി. രണ്ടു മൂന്നു ഹോസ്പിറ്റലുകളില്‍ അന്വേഷിച്ചിട്ടാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ബെഡ് ലഭിച്ചത്.

രണ്ടാമത്തെ കുഞ്ഞിന് ആദ്യത്തെ കുഞ്ഞു കിടക്കുന്ന ഹോസ്പിറ്റലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ മറ്റൊരു ഹോസ്പിറ്റലിലാണ് സ്ഥലം കിട്ടിയത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അമ്മയെ ആദ്യത്തെ ഹോസ്പിറ്റലില്‍ നിന്ന് മറ്റൊരു പഞ്ചനക്ഷത്രഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നു. മൂന്ന് പേരും അതീവ ഗുരുതരാവസ്ഥയില്‍. അമ്മയുടെ കാര്യത്തില്‍ പത്ത് ശതമാനം പോലും പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ടൗണിലെ എന്‍.ഐ.സി.യുവിലെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എന്‍.ഐ.സി.യുവില്‍ കിടത്തുന്നതിന് തന്നെ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് അടയ്‌ക്കേണ്ടിവന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇത്ര പണം മുടക്കി വെന്റിലേറ്റര്‍ സംവിധാനം കുഞ്ഞിനൊരുക്കിയിട്ടും കാര്യമില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ അഭിപ്രായപ്പെട്ടു. വെന്റിലേറ്റര്‍ ഒഴിവാക്കി സാധാരണ ചികിത്സ കൊടുക്കാമെന്നായി ഡോക്ടര്‍. എന്നാല്‍ കുഞ്ഞിനെ വെന്റിലേറ്ററില്‍നിന്നുമാറ്റി ദയാവധത്തിനു വിട്ടുകൊടുക്കാന്‍ പിതാവ് തയാറായില്ല. സമ്മര്‍ദ്ദമേറെയുണ്ടായിട്ടും അതിന്റെ ഭാരിച്ച ചെലവ് താങ്ങാന്‍ കെല്‍പ്പില്ലാതിരുന്നിട്ട് കൂടി എത്ര പണത്തേക്കാള്‍ തന്റെ കുഞ്ഞാണ് തനിക്ക് വിലപ്പെട്ടതെന്ന് ആ അപ്പന്‍ വ്യക്തമാക്കി.

അഞ്ച് ദിവസങ്ങള്‍ക്കകം ആദ്യത്തെ കുഞ്ഞ് മരിച്ചു. രണ്ടാമത്തെ കുഞ്ഞും ആദ്യത്തെ കുഞ്ഞിന്റെ പാത പിന്തുടര്‍ന്നു. മരണത്തിനും ജീവനുമിടയിലുള്ള നേര്‍ത്ത നൂല്‍പാലത്തില്‍ പ്രതീക്ഷ കൈവിടാതെ അപ്പന്‍ കാത്തിരുന്നെങ്കിലും ദൈവഹിതം എതിരായിരുന്നു. തങ്ങളുടെ കുടുംബത്തിനായി മാലാഖകുഞ്ഞുങ്ങളെ സ്വര്‍ഗത്തില്‍ ഒരുക്കിയിരിക്കുന്നെന്നായിരുന്നു സങ്കടങ്ങള്‍ക്കിടയിലും ആ പിതാവിന്റെ മനോഗതം. ഭാര്യയുടെ സ്ഥിതി വളരെ മോശമായി. മരുന്നുകളോട് അവള്‍ പ്രതികരിച്ചില്ല. കേരളമൊട്ടാകെ, ഇന്ത്യയൊട്ടാകെ, ലോകമൊട്ടാകെ, അനേകര്‍ സക്രാരിക്കു മുമ്പില്‍ ആ അമ്മയുടെ ജീവനായി ദൈവത്തോട് കേണപേക്ഷിച്ചു.

അറിഞ്ഞവര്‍ മീഡിയാ വഴി എല്ലാവരുടെയും പ്രാര്‍ത്ഥനാസഹായം തേടി. അപ്പോഴൊക്കെ മനസ്സിന്റെ ഭാരങ്ങളെ തമ്പുരാനില്‍ അര്‍പ്പിച്ചിരുന്ന ആ പിതാവിന്റെ ധൈര്യവും പ്രതീക്ഷയും പ്രാര്‍ത്ഥിച്ചവര്‍ക്ക് വീണ്ടും പ്രാര്‍ത്ഥിക്കാന്‍ ഉണര്‍വ് നല്‍കി. ഡോക്ടര്‍മാര്‍ക്കൊക്കെ അസുഖകരമായ രോഗവിവരങ്ങളായിരുന്നു എപ്പോഴും പങ്കു വെക്കാനുണ്ടായിരുന്നത്. വെന്റലേറ്ററില്‍ ബോധത്തിന്റെ ഒരു കണികപോലുമില്ലാതെ കിടക്കുന്ന വ്യക്തിയെക്കുറിച്ച് പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒരു പുരോഗമനവും മെഡിക്കല്‍ സയന്‍സിനു ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല.

ആറ് മക്കളെ തമ്പുരാനെ അനാഥരാക്കല്ലെയെന്ന അനേകരുടെ നിലവിളിക്ക് പ്രത്യക്ഷത്തില്‍ ഒരു ഉത്തരം ലഭിച്ചത് രണ്ട് ആഴ്ചയായപ്പോഴാണ്. രോഗി അല്‍പ്പം ഭേദപ്പെടാന്‍ തുടങ്ങി. ആ സമയമൊക്കെയും രോഗിയെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിലല്ല, മറിച്ച് ദൈവവചനത്തില്‍ മുറുകെ പിടിച്ച് അനേകര്‍ കര്‍ത്താവിന്റെ പക്കലേക്ക് നിലവിളികള്‍ ഉയര്‍ത്തി. അനേകര്‍ക്ക് അവള്‍ സ്വന്തം പെങ്ങളായി, ചേച്ചിയായി, അനിയത്തിയായി, അമ്മയായി, മോളായി. മാസങ്ങള്‍കൊണ്ട് വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കാനായി.

എങ്കിലും വിളിച്ചാലറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നതിന്റെ ഒരു ലക്ഷണവും കാണിച്ചില്ല. ആ സമയം പ്രായമായ വല്യപ്പനും വല്യമ്മച്ചിയും മൂത്ത ആറുമക്കളെ ഭവനത്തില്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് വിദഗ്ധമായ ഫിസിയോതെറാപ്പിക്കായി വെല്ലൂരിലേക്കു മാറ്റി. ആ സമയം രോഗിയെ ഒറ്റയ്ക്കു പരിചരിക്കാന്‍ സാധിക്കാതെ ഭര്‍ത്താവ് ബുദ്ധിമുട്ടുന്നതു കണ്ട് പ്രാര്‍ത്ഥനാസഹകാരികള്‍ ഹോം നഴ്‌സിനെ അറൈഞ്ച് ചെയ്ത് അദ്ദേഹത്തിനു കൈത്താങ്ങ് കൊടുത്തു. ഹോസ്പിറ്റലിലെ ഭാരിച്ച ചെലവ് വഹിക്കാന്‍ ഇടവകവികാരി ചെയര്‍മാനായുള്ള കമ്മിറ്റി പണം പിരിച്ചെടുത്തു, ഇനിയും കാരുണ്യത്തിന്റെ ഉറവ അന്യം നിന്നു പോയിട്ടില്ലെന്ന് ഇടവകാംഗങ്ങള്‍ കാണിച്ചു കൊടുത്തു.

ഭാര്യ വെന്റിലേറ്ററില്‍, ആറു മക്കള്‍ പിതൃഗൃഹത്തില്‍. ക്ഷീണം, തളര്‍ച്ച, മടുപ്പ്, ഡോക്ടര്‍മാരില്‍ നിന്നും സ്ഥിരം കേള്‍ക്കുന്ന അശുഭവാര്‍ത്തകള്‍. ഏതൊരു മനുഷ്യനും തകര്‍ന്നു പോകാവുന്ന അവസ്ഥ. എന്നിട്ടും അവര്‍ ദൈവത്തില്‍ ആശ്രയിച്ചു. ഇന്നലെ (വ്യാഴാഴ്ച -29) ദൈവം അവളെ തിരികെ വിളിച്ചു.ആ കുടുംബത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

News Courtesy: Sunday Shalom

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.