പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ.
കൊല്ലം: ക്രൈസ്തവ കൈരളി സാഹിത്യ രംഗത്ത് ശ്രദ്ധേയനായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ മാർച്ച് 29 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ശാരീരിക രോഗബാധിതനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് പരേതനായ പാസ്റ്റർ പി. ജെ. ഹെൻട്രി-ജോയ്സ് ദമ്പതികളുടെ മകനായിരുന്നു. 1988-ൽ ഹരിയാനാ ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. കൊല്ലത്ത് സ്ഥിര താമസം ആക്കിയ ഇദ്ദേഹം ഐ. പി. സി. ആശ്രാമം സഭാ ശുശ്രൂഷകനായും, ഗ്രേയ്സ് ടാബർനാക്കിൾ ചർച്ച് ശുശ്രൂഷകനായും കർതൃവേലയിൽ ആയിരിന്നിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ രംഗത്ത് പ്രതിഭാധനനായിരുന്ന ഇദ്ദേഹം കഥാകാരൻ, നോവലിസ്റ്റ്, പത്രാധിപർ എന്നീ നിലകളിൽ മുപ്പതിൽ പരം വർഷങ്ങൾ സജീവ സാന്നിദ്ധ്യമായിരുന്നു. ക്രൈസ്തവ കഥകൾക്ക് ആധുനികതയുടെ മാനം നൽകിയത് തോന്നയ്ക്കൽ കഥകളാണു.
ഉത്തരേന്ത്യൻ മിഷൻ ഫീൽഡുകൾ സന്ദർശിച്ച് ഫീച്ചറുകളും, റിപ്പോർട്ടുകളും തയ്യാറാക്കി മിഷൻ ജേർണലിസത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനു പെന്തക്കോസ്ത് പ്രസ്സ് അസോസിയേഷൻ ഇൻഡ്യാ അവാർഡ്, ഗ്രേസ് ഇന്റർനാഷണൽ അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ്, സർഗ്ഗസമിതി അവാർഡ് എന്നിവ ലഭിച്ചതോടൊപ്പം പെന്തക്കൊസ്ത് സാഹിത്യ സമിതി പ്രസിഡന്റായും, വചനപോഷിണിയുടെ പത്രാധിപരായും സേവനം ചെയ്തിട്ടുണ്ട്. ഇൻഡ്യാ പെന്തക്കൊസ്ത് ദൈവസഭയുടെ സിക്കീം മേഖലയിൽ നേതൃത്വം വഹിക്കുകയും, മുൻ സ്റ്റേറ്റ് കൗൺസിൽ അംഗം എന്ന നിലയിൽ ഭരണരംഗത്തും നേതൃത്വ പാടവം തെളിയിച്ചിരുന്നു. ക്രിസ്തീയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ആയിരത്തോളം ലേഖനങ്ങളും, നിരവധി ജീവചരിത്രങ്ങൾ ഉൾപ്പെടെ നൂറിലധികം പുസ്തകങ്ങളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
സഹധർമ്മിണി: ലത.
മക്കൾ: ബ്ലസി, ബ്ലസൻ.
ക്രൈസ്തവ സാഹിത്യരംഗത്ത് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദു:ഖത്തിലായിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും പവർവിഷന്റെ ക്രിസ്തീയ പ്രത്യാശ നേരുന്നു.
വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്.


