LOADING

Type to search

KERALA NEWS Obituaries

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ അന്തരിച്ചു

provision Apr 12

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡി ബാബു പോള്‍ (78) അന്തരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡി.ജി.പി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡി.ജി.പി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും, യു.പി.എസ്.സി അംഗവുമായിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്. എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941 ലായിരുന്നു ജനനം. ഇ.എസ്.എല്‍.സിക്ക് മൂന്നാം റാങ്കും, എം.എ യ്ക്ക് ഏഴാം റാങ്കും, ഐ.എ.എസിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ബാബു പോള്‍ പ്രതിരോധ ശാസ്ത്രത്തിലും, വേദശാസ്ത്രത്തിലും, മലയാള സാഹിത്യത്തിലും ഉപരിപഠനം നടത്തി.
ഇടുക്കി ജില്ലയുടെ പ്രഥമ കളക്ടറായിരുന്ന ബാബു പോള്‍ , ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വെദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. കൊച്ചിന്‍ പോര്‍ട്ട് ട്ര്‌സറ്റ് ചെയര്‍മാന്‍, ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറി എന്നീ നിലകളിലും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു.
ഇരുപത്തിയൊന്നാം വയസില്‍ ജൂണിയര്‍ എന്‍ജനിയറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതിനു ശേഷമാമ് സിവില്‍ സര്‍വീസ് നേടുന്നത്. അമ്പത്തിയൊമ്പതാം വയസില്‍ ഐ.എ.എസില്‍ നിന്ന് സ്വമേധയാ വിരമിച്ച ഓംബുഡിസ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിട പറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ – മെന്റര്‍ എമിരറ്റസ് – ആയിരുന്നു.
4000 ടൈറ്റിലുകളും, ആറു ലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന – വേദശബ്ദ രത്‌നാകരം – എന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. 1962 മുതല്‍ 2001 വരെയുള്ള മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എഴുതിയ – കഥ ഇതുവരെ – ആത്മകഥയാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.