LOADING

Type to search

CHRISTIAN NEWS WORLD NEWS

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പ്രതിദിനം 11 വിശ്വാസികള്‍ വീതം കൊല്ലപ്പെടുന്നു

provision Sep 26

ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ആഗോള തലത്തില്‍ പ്രതിദിനം 11 ക്രൈസ്തവ വിശ്വാസികള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ജെനറല്‍ അസംബ്ലിക്ക് മുന്‍പ് നടത്തിയ പ്രധാന പ്രസംഗത്തിലാണ് ട്രംപ് ആഗോളതലത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ ശക്തമായി അപലപിച്ചും ക്രൈസ്തവ പീഡനം ചൂണ്ടിക്കാട്ടിയും സന്ദേശം നല്‍കിയത്. അമേരിക്കയിലേയും, ഇറാഖ് സിറിയ തുടങ്ങിയ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേയും വിശ്വാസപരമായ നിര്‍മ്മിതികള്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അവയുടെ സംരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനുമായി തന്റെ ഭരണകൂടം 2.5 കോടി ഡോളര്‍ കൂടി ചിലവിടുമെന്നും ട്രംപ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

ലോകത്ത് മറ്റേതു മതങ്ങളെക്കാളും കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ചൈന മുതല്‍ നൈജീരിയ വരേയും, ഇറാഖ് മുതല്‍ നിക്കരാഗ്വ വരേയും മതസ്വാതന്ത്ര്യം കടുത്ത ഭീഷണിയിലാണെന്നും 2016-ല്‍ ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ വയോധികനായ കത്തോലിക്കാ വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ടതും, പെനിസില്‍വാനിയയിലേയും കാലിഫോര്‍ണിയയിലേയും യഹൂദ സിനഗോഗുകള്‍ ആക്രമിക്കപ്പെട്ടതും, ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളിക്കു നേരെയുണ്ടായ ആക്രമണവും, നൂറുകണക്കിന് നിരപരാധികളായ വിശ്വാസികള്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ആക്രമണങ്ങളും ട്രംപ് സ്മരിച്ചു.

വിശ്വാസപരമായ നിര്‍മ്മിതികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ തടയണമെന്നും, മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വിചാരണ ചെയ്യുകയും കഠിനമായി ശിക്ഷിക്കണമെന്നും വിവിധ രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകളോട് ആവശ്യപ്പെടുവാനും അദ്ദേഹം മറന്നില്ല. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാനമനസ്കരായ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യം’ രൂപീകരിക്കുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

മതന്യൂനപക്ഷങ്ങളെ നിശബ്ദരാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ടാണ് പലരാഷ്ട്രങ്ങളും നാനാത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും, എല്ലാ മനുഷ്യരുടേയും മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതാണ് യഥാര്‍ത്ഥ സഹിഷ്ണുത എന്ന്‍ പറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതപീഡനവും മതസ്വാതന്ത്ര്യ ലംഘനത്തെ പറ്റിയും ഇതിനു മുന്‍പ് പല വേദികളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.